← Bible · Psalms

Psalms 21

Malayalam Bible

1. യഹോവേ, രാജാവു നിന്റെ ബലത്തില്‍ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.

2. അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.

3. നന്മയുടെ അനുഗ്രഹങ്ങളാല്‍ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍ വെക്കുന്നു.

4. അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.

5. നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.

6. നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.

7. രാജാവു യഹോവയില്‍ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍ കുലുങ്ങാതിരിക്കും.

8. നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.

9. നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.

10. നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.

11. അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.

12. നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.

13. യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.