← Bible · Psalms

Psalms 140

Malayalam Bible

1. സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.

2. യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ.

3. അവര്‍ ഹൃദയത്തില്‍ അനര്‍ത്ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;

4. അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.

5. യഹോവേ, ദുഷ്ടന്റെ കയ്യില്‍നിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.

6. ഗര്‍വ്വികള്‍ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വെച്ചിരിക്കുന്നു. സേലാ.

7. നീ എന്റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേള്‍ക്കേണമേ.

8. എന്റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തില്‍ നീ എന്റെ തലയില്‍ ശിരസ്ത്രം ഇടുന്നു.

9. യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.

10. എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.

11. തീക്കനല്‍ അവരുടെ മേല്‍ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്‍ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.

12. വാവിഷ്ഠാണക്കാരന്‍ ഭൂമിയില്‍ നിലനില്‍ക്കയില്ല; സാഹസക്കാരനെ അനര്‍ത്ഥം നായാടി ഉന്മൂലനാശം വരുത്തും.

13. യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.

14. അതേ, നീതിമാന്മാര്‍ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്റെ സന്നിധിയില്‍ വസിക്കും.